District News
ചെമ്പേരി: അഞ്ച് വർഷങ്ങൾക്ക് മുമ്പ് അതിഥി തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശി ഇന്ന് എൻജിനിയറിംഗ് ബിരുദധാരി. ചെങ്കൽപ്പണയിൽ കല്ലിനോട് മല്ലിട്ട കൈകളിൽ ഇന്ന് അഭിമാന ബിരുദം. റിങ്കു എന്ന ചെറുപ്പക്കാരന്റെ തലവര മാറ്റിയെഴുതിയ ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിനും കേരളത്തിനും ഇതു അഭിമാന നേട്ടം.
ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ മാട്ടിപ്പോദ ഗ്രാമത്തിലെ പരേതനായ അലെജ് ഉത്തംസിംഗ്-പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് എൻജിനിയറിംഗ് ബിരുദം നേടിയ റിങ്കു ഉത്തംസിംഗ്. റിങ്കുവിന്റെ മാതാപിതാക്കൾ കൃഷിപ്പണിയും വിവിധ കൂലിപ്പണികളും ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. 2011 ൽ പിതാവിന്റെ മരണത്തോടെ ജീവിതം പ്രതിസന്ധിയിലായപ്പോൾ മക്കൾക്ക് തുണയായത് അമ്മയുടെ കഠിനാധ്വാനം മാത്രമായിരുന്നു.
ഉയർന്ന മാർക്കോടെ പ്ലസ് ടു പരീക്ഷ വിജയിച്ച റിങ്കുവിന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നെങ്കിലും ഉപരിപഠനവുമായി മുന്നോട്ടുപോകാൻ കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ അനുവദിച്ചില്ല. റിങ്കുവിന്റെ ജ്യേഷ്ഠസഹോദരന്മാരായ രണ്ടുപേർ ഇതിനിടെ ഉപജീവനമാർഗം തേടി കേരളത്തിലെത്തിയിരുന്നു. ചെങ്കൽ പണകളിൽ ജോലി ചെയ്തിരുന്ന സഹോദരൻമാർക്കൊപ്പം ജോലി ചെയ്യാൻ തയാറായി റിങ്കുവും കേരളത്തിലെത്തുകയാണുണ്ടായത്.
ചെങ്കൽ പണയിലെ കഠിനാധ്വാനം തുടരുമ്പോഴും ഉപരിപഠനമെന്ന സ്വപ്നം റിങ്കുവിന്റെ മനസിലുണ്ടായിരുന്നു. റിങ്കുവിന് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്കും പഠനത്തിലുള്ള താത്പര്യവും കഴിവും ശ്രദ്ധയിൽപെട്ട ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് അധികൃതർ സ്പെഷൽ സ്കോളർഷിപ്പോടെയാണ് റിങ്കുവിന് കോളജിൽ അഡ്മിഷൻ നൽകിയത്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ പ്രവേശനം നേടിയ റിങ്കു തനിക്ക് ലഭിച്ച അസുലഭാവസരം പൂർണമായും പ്രയോജനപ്പെടുത്തി ഏറെ ആത്മാഭിമാനത്തോടെയാണിപ്പോൾ എൻജിനിയറിംഗ് ബിരുദം സ്വന്തമാക്കിയിട്ടുള്ളത്. അതേ സമയം ഈ വിജയം തന്റേതുമാത്രമല്ലെന്നും രണ്ട് സഹോദരന്മാരുടെ അധ്വാനവും ത്യാഗവും സ്നേഹവും ചേർന്നതാണെന്നും റിങ്കു പറഞ്ഞു.
കഴിഞ്ഞ ദിവസം കോളജിൽ നടന്ന ബിരുദദാന ചടങ്ങിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന സന്തോഷ നിമിഷത്തിൽ പങ്കുചേരാൻ റിങ്കുവിന്റെ മാതാവും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും എത്തിയിരുന്നു. ഇതിനിടെ കോളജിലെ പ്ലേസ്മെന്റ് ഡ്രൈവ് മുഖേന റിങ്കുവിന് ചെന്നൈയിലെ പ്രമുഖ കമ്പനിയിൽ ജോലിയും ലഭ്യമായിട്ടുണ്ട്.
District News
കഴക്കൂട്ടം: രണ്ടര കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. നാഗാലാൻഡ്, ഡിമാപൂർ സ്വദേശി അർജുൻറാം (24)നെയാണ് അറസ്റ്റുചെയ്തത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി ഡാൻസാഫ് സംഘം കഴക്കൂട്ടം പൊലീസിന്റെ സഹായത്തോടെ കഴക്കൂട്ടം സി എസ് ഐ മിഷൻ ആശുപത്രിക്കു സമീപം നിൽക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കൈയിൽ ഉണ്ടായിരുന്ന പൊതിയിൽ സൂക്ഷിച്ചിരുന്ന 2.5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഴക്കൂട്ടത്ത് മിഷൻ ഹോസ്പിറ്റലിന് സമീപമാണ് ഇയാൾ താമസിക്കുന്നത്. ആസാമിൽ നിന്നും കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
വിവിധ സ്ഥലങ്ങളിൽ നിർമാണ ജോലി നോക്കുന്ന അതിഥി തൊഴിലാളിയാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Kerala
കൊച്ചി: മൂവാറ്റുപുഴയ്ക്ക് സമീപം വാഴപ്പള്ളിയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷെയ്ഖ് സിദ്ദിഖിനെയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് കഞ്ചാവ് മറ്റൊരാൾക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കഞ്ചാവ് വിൽപ്പനയ്ക്കായി ഇയാൾ കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിൽ നിന്ന് ആലുവയിലെത്തിയത്.
കനത്ത മഴയിൽ പോലീസ് പരിശോധനയുണ്ടാകില്ലെന്ന് കരുതിയാണ് പൊതുസ്ഥലം കഞ്ചാവ് കൈമാറാൻ തെരഞ്ഞെടുത്തതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Kerala
പനങ്ങാട്: നിരോധിത പുകയില ഉല്പ്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളികള് പിടിയില്. ആസാം സ്വദേശികളായ മൈനുല്ഹഖ്, മുഖ്ത്താദൂല് ഇസ്ലാം എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളം വാട്ടര് മെട്രോ ജെട്ടിക്ക് സമീപമുള്ള വാടക വീട്ടില് നിന്ന് 2,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്.
കുമ്പളത്ത് സ്കൂളുകളുടെ പരിസരത്ത് ലഹരി വില്പ്പന നടക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതികള് പിടിയിലായത്.
Kerala
തിരുവനന്തപുരം: ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് പ്രതി പിടിയിലായത്. ബംഗാള് സ്വദേശി ആസാദ് ഹുസൈനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയില് നിന്നും 27 ഗ്രാം ഹെറോയിന് കണ്ടെത്തി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് പരിശോധനയും അറസ്റ്റും നടന്നത്.
എക്സൈസ് ഇൻസ്പെക്ടർ കാർത്തിക്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ബിജു കുമാർ, സജി കുമാർ, പ്രെവന്റീവ് ഓഫിസർ വിനോദ്, സിഇഒമാരായ നിഷാന്ത്, വിപിൻ, ഡ്രൈവർ മുനീർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Kerala
കൊച്ചി: എറണാകുളം ആലുവയില് വന് കഞ്ചാവ് വേട്ട. ട്രെയിൻ മാര്ഗം എത്തിച്ച 32 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള് ഡാന്സാഫ് സംഘത്തിന്റെ പിടിയിലായി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഇന്ന് രാവിലെ എട്ടോടെയാണ് ആലുവ തോട്ടക്കാട്ടുകരയില് വച്ച് മൂന്നു പേരെ പിടികൂടിയത്. പശ്ചിമബംഗാള് സ്വദേശികളാണ് ഇവര്. ഓട്ടോറിക്ഷ ഡ്രൈവറെയും പോലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. എന്നാല് അന്യസംസ്ഥാന തൊഴിലാളികളുമായി തനിക്ക് ബന്ധമില്ലെന്നും ഓട്ടോയില് കയറിയ യാത്രക്കാരാണെന്നുമാണ് ഡ്രൈവറുടെ മൊഴി.
Kerala
കൊച്ചി: മൂവാറ്റുപുഴയില് കഞ്ചാവുമായി ആലുവ സ്വദേശികളും അന്യസംസ്ഥാന തൊഴിലാളിയും പിടിയില്. വാഴക്കുളം കാവന റോഡില് നിന്നും പത്തു ഗ്രാം കഞ്ചാവുമായി ആലുവ സ്വദേശികളായ മുഹമ്മദ് സഹല്, ഷാഹിന് എന്നിവരാണ് പിടിയിലായത്. മറ്റൊരിടത്ത് നിന്നും ആസാം സ്വദേശിയും കഞ്ചാവുമായി പിടിയിലായി.
ആസാം സ്വദേശി അബിദുര് റഹ്മാന് ആണ് പുന്നോപ്പടി മസ്ജിദ് റോഡിന് സമീപത്തു നിന്നും എക്സൈസിന്റെ പിടിയിലായത്. ആറു ഗ്രാം കഞ്ചാവും ഇത് കടത്താന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയില് എടുത്തു. മൂവാറ്റുപുഴ എക്സൈസ് ഇന്സ്പെക്ടര് അനില് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Kerala
കാസർഗോഡ്: മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ബാർബർ പിടിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ പതിനേഴുകാരനാണ് പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് കാസർഗോഡ് ചന്ദേരയിലാണ് സംഭവം. പിതാവിനൊപ്പം ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി നിലവിളിച്ച് ബഹളം വച്ചതോടെ ആളുകൾ കൂടി. കുട്ടിയുടെ പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയ ശേഷം പോലീസിൽവിവരം അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
അതേസമയം സംഭവത്തിന് പിന്നാലെ ബാർബർ ഷോപ്പ് അടിച്ചു തകർത്തു. കടയുടെ ബോർഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള് പിടിയില്. പശ്ചിമ ബംഗാള് സ്വദേശികളായ റൈഫുള് മൊണ്ടാല്, പര്വേസ് മൊണ്ഡൽ എന്നിവരാണ് അങ്കമാലി റെയില്വേ സ്റ്റേഷനില് നിന്നും പിടിയിലായത്. ബംഗാളില് നിന്നും കൊണ്ടു വന്ന കഞ്ചാവ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.
ഇന്ന് രാവിലെ ചെന്നൈ എഗ്മോര് ട്രെയിനില് അങ്കമാലിയില് എത്തിയ പ്രതികളെ പോലീസും ഡാന്സാഫും സാഹസികമായാണ് പിടികൂടിയത്. പശ്ചിമ ബംഗാളില് നിന്നും ട്രെയിൻ മാര്ഗം ചെന്നൈയില് എത്തി അവിടെ നിന്നാണ് ഇവര് കേരളത്തിലേക്ക് എത്തിച്ചത്.
ആലുവ റെയില്വേ സ്റ്റേഷനില് പരിശോധന ശക്തമാക്കിയതിനെ തുടര്ന്ന് ലഹരിയുമായി എത്തുന്നവര് അങ്കമാലി റെയില്വേ സ്റ്റേഷനില് ഇറങ്ങുന്നതായി സൂചന ലഭിച്ചതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള് കുടുങ്ങിയത്.
Kerala
കൊച്ചി: ആലുവയില് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്. മുര്ഷിദാബാദ് ഗാസിപൂര് സ്വദേശി ഇന്രാജ് അലിയെ (33) ആണ് ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. ആലുവ മാര്ക്കറ്റിന് സമീപം കഞ്ചാവ് വില്പ്പനയ്ക്ക് എത്തിയപ്പോഴാണ് എക്സൈസ് ഇയാളെ ഓടിച്ചിട്ടു പിടിച്ചത്.
ഉളിയന്നൂര് പാലത്തിന് സമീപത്തു വച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കഞ്ചാവ് വില്പ്പനയ്ക്കായി ഉപയോഗിച്ച ബൈക്ക്, മൊബൈല് എന്നിവയും കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ഇയാളില് നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
Kerala
കൊച്ചി: ഇരുചക്രവാഹനങ്ങളില് പോകുന്ന സ്ത്രീകളെ ബൈക്കില് പിന്തുടര്ന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്.
ആസാം സ്വദേശിയും കൂനമ്മാവ് ഭാഗത്ത് ഇറച്ചിക്കടയിലെ ജീവനക്കാരനുമായ റഷീദുള് ഹക്കിനെയാണ് (22) ഏലൂര് പോലീസ് ഇന്സ്പെക്ടര് യു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മഞ്ഞുമ്മല് കൊട്ടോട്ടി മുക്കിനു സമീപം സ്കൂട്ടറില് പോവുകയായിരുന്ന യുവതിയെ പുറകെ ബൈക്കില് പിന്തുടര്ന്ന് ഇയാള് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ കളമശേരി മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു.
Kerala
കോഴിക്കോട്: ബാലുശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് മരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബാലുശേരി ഇൻസ്പെക്ടർ ടി.പി. ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പെരുമ്പാവുർ: പെരുമ്പാവുരിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മൗലൂദ് പുരയിലെ മരം മുറിക്കുന്ന സ്വകാര്യ കമ്പനിയുടെ ഷെഡിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ ശനിയാഴ്ച ഈ കമ്പനിയിൽ തൊഴിൽ തേടിയെത്തിയിരുന്നു എന്നാണ് വിവരം. പെരുമ്പാവുർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.